യൂസഫലിയുടെ കൈത്താങ്ങ്, നാട്ടിലേക്ക് തിരികെയെത്തുന്ന റഹീമിന് വീട്‌ നൽകും

കോഴിക്കോട് : സൗദി ജയിലില്‍ നിന്ന് നാട്ടിലേക്ക് തിരികെയെത്തുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് വീടുനിര്‍മിച്ച് നല്‍കുമെന്ന് വ്യവസായി എം എ യൂസഫലി. റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത എല്ലാവര്‍ക്കും നന്ദിയെന്നും റഹീമിന് വീടുനിര്‍മിച്ച് നല്‍കുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയായിരുന്നു.

ക്രൗഡ് ഫണ്ടിംഗിലൂടെയും സുമനസുകളുടെ സഹായത്താലും മോചനദ്രവ്യമായ 34 കോടി സമാഹരിക്കാനായതോടെയാണ് വധശിക്ഷയില്‍ നിന്നും റഹീം രക്ഷപ്പെടുന്നത്. നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന് ജയില്‍ മോചനത്തിന് ആവശ്യമായ 34 കോടി കഴിഞ്ഞ ദിവസം ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചിരുന്നു.

പിന്നാലെയാണ് വീടൊരുങ്ങുന്നത്. നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിനെ ജോലി നല്‍കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്. അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായിആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്.