ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ കാർഡിയാക് ഐസിയുവിൽ ആണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്താതി സമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ നെഫ്രോളജിസ്റ്റാണ്.

കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് പ്രാഥമിക വിവരം. വൈകിട്ട് ആറ് മണിക്ക് ഹാജരാവാൻ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ ഇന്നലെ ഇ.ഡി. ചോദ്യം ചെയ്തത്.