കള്ളവോട്ട് ചെയ്യാൻ എത്തി, നാദാപുരത്ത് യുവാവിന് പിടിവീണു, അറസ്റ്റ്

കോഴിക്കോട് : കള്ളവോട്ട് ചെയ്യാനെത്തിയ യുവാവിന് പിടിവീണു. നാദാപുരത്താണ് സംഭവം. വിദേശത്ത് ജോലി ചെയ്തിരുന്ന അസിനാസ് എന്ന വ്യക്തിയുടെ വോട്ടാണ് ആൾമാറാട്ടം നടത്തി രേഖപ്പെടുത്താൻ ഇയാൾ ശ്രമിച്ചത്. കള്ളവോട്ട് രേഖപ്പെടുത്താൻ വന്നതാണെന്ന് മനസിലായതോടെ യുവാവിനെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വയ്‌ക്കുകയായിരുന്നു.

നാദാപുരം നിയോജക മണ്ഡലത്തിലെ 25-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്താൻ ശ്രമം നടന്നത്. ബൂത്ത് പ്രവർത്തിക്കുന്ന തൂണേരി കണ്ണംങ്കൈ ഗവൺമെന്റ് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്താൻ ഇയാൾ ശ്രമിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടമാണെന്ന് വ്യക്തമായത്.

പിന്നാലെ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും പൊലീസ് പിടികൂടിയിരുന്നു. കള്ളവോട്ട് ചെയ്യാനെത്തിയ ആറാം മൈൽ സ്വദേശി ബിജുവിനെയാണ് ബൂത്ത് ഏജന്റുമാർ പിടികൂടിയത്.