വീട്ടില്‍ പോലീസ് പരിശോധന, സ്‌റ്റേഷന് മുന്നിലെത്തി ആത്മഹത്യ ശ്രമം നടത്തി യുവാവ്

ഇടുക്കി: കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ കുമളി പോലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. കുമളി സ്വദേശിയായ മുനിയാണ്ടി സുരേഷ് ആണ് സ്‌റ്റേഷന് മുന്നിലെത്തി വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഞ്ചാവുക്കേസിലും മോഷണം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍കേസുകളിലും പ്രതിയാണെന്നാണ് ഇയാൾ. ഇയാളെ പോലീസ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ ഇയാളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍, പരിശോധനയില്‍ കഞ്ചാവോ മറ്റുലഹരിവസ്തുക്കളോ കണ്ടെടുക്കാനായില്ല. തുടര്‍ന്ന് പോലീസ് സംഘം പരിശോധന അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ സ്റ്റേഷന് മുന്നിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

സുരേഷ് സ്‌റ്റേഷന് മുന്നിലെത്തി ആത്മഹത്യാശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസുകാര്‍ ഇയാളെ തടയുകയും പിന്നീട് തേനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.