അതിവിദഗ്ദ മോഷണം, പിടിക്കപ്പെടുമെന്നായാല്‍ ഞൊടിയില്‍ വേഷം മാറി രക്ഷപ്പെടും: യുവതി പിടിയില്‍

കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ പണം മോഷ്ടിച്ച തമിഴ്‌നാട് സേലം സ്വദേശിനിയെ ഷാഡോ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് ആറിന് തലയേലപ്പറമ്പ് സ്റ്റാന്‍ഡില്‍ നിന്നാണ് പോലീസ് മഞ്ജുവിനെ പിടികൂടിയത്. അതിവിദഗ്ധമായാണ് ഈ 36കാരി മോഷണം നടത്തിയിരുന്നത്. മോഷണം നടത്താന്‍ ഇവര്‍ മൂന്ന് വസ്ത്രം ഒരുമിച്ച് ധരിച്ചിരുന്നതായി പോലീസ് പറയുന്നു. സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ നിന്ന് നിമിഷങ്ങള്‍ക്കകം ഇവര്‍ വസ്ത്രം മാറിയിരുന്നു. ഇതായിരുന്നു പോലീസിന്റെ സംശയത്തിന് കാരണമായത്.

മോഷണം ശ്രമം പിടിക്കാതിരിക്കാനാണ് പുറമെയുള്ള വസ്ത്രം ഊരിമാറ്റുന്നത്. മഞ്ജുവിനെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലയോലപ്പറമ്പിലും സമീപപ്രദേശങ്ങളിലും ബസ് യാത്രക്കിടയില്‍ യാത്രക്കാരുടെ പണം നഷ്ടപ്പെടുന്നത് പതിവായതോടെ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

കല്ലറ ഭാഗത്തുനിന്നുവന്ന ബസില്‍നിന്നു സാരിയുടുത്ത് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ ഇതരസംസ്ഥാനക്കാരിയായ സ്ത്രീ ശുചിമുറിയില്‍ കയറിയിറങ്ങിയപ്പോള്‍ ചുരിദാര്‍ ധരിച്ച് കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി പിടികൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വനിതാ പോലീസ് ശ്രീലതാ അമ്മാളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചുരിദാറിനുള്ളില്‍ വേറെ ഡ്രസ് ധരിച്ചു കണ്ടു. ഇവരുടെ ഉള്‍വസ്ത്രത്തിനുള്ളില്‍ നിന്ന് 1900രൂപയും ബാഗില്‍നിന്ന് 770രൂപയും കണ്ടെടുത്തു. കഴിഞ്ഞ 27ന് സമാനരീതിയില്‍ മോഷണം നടത്തിവന്ന ആലുവ എടത്തല മുട്ടത്തുകാട്ടില്‍ ബെന്നിയെ പോലീസ് പിടികൂടിയിരുന്നു. ഒരു പക്ഷെ ഇവര്‍ ഒരേ സംഘത്തില്‍ പെട്ടവരാകാനും സാധ്യതയുണ്ട്. മാത്രമല്ല ഇനിയും ഇത്തരത്തില്‍ കളവ് നടത്തുന്നവര്‍ ഉണ്ടായേക്കാമെന്ന സംശയവും പോലീസ് ഉന്നയിക്കുന്നു