ആ കാര്യങ്ങള്‍ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, ചതുര്‍മുഖം സെറ്റിലെ പ്രേത സാന്നിധ്യത്തെ കുറിച്ച് മഞ്ജുവാര്യര്‍

മഞ്ജു വാര്യരും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചതുര്‍മുഖം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ടായ അവിശ്വസനീയമായ ചില വിചിത്ര സംഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. അന്ന് എന്റെ മൊബൈല്‍ ഫോണിന് എന്താണ് സംഭവിച്ചതെന്ന് ഇന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് മഞ്ജു പറഞ്ഞു.

‘ലോക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ദ്ധിച്ചു. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്’മഞ്ജു പറഞ്ഞു.

ചിത്രത്തിലെ നിഗൂഢമായ നാലാമത്തെ മുഖം ഒരു സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം വന്‍ താരനിര ചതുര്‍ മുഖത്തില്‍ ഉള്‍പ്പെടുന്നു.

ചിത്രത്തില്‍ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.