യുഎസ്എസ്ആറിനെ അമേരിക്കയാക്കി: ട്വിറ്ററിൽ അമളിപറ്റി ശശി തരൂർ

ദില്ലി: ട്വിറ്ററിൽ ശശി തരൂരിന് പറ്റിയ അമളി ആഘോഷമാക്കി ട്രോളന്മാർ. അമേരിക്കയില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും ഇന്ദിരാഗാന്ധിയുടെയും ചിത്രം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എംപിക്കെതിരെ ട്രോള്‍.

1954ല്‍ മുന്നൊരുക്കമൊന്നുമില്ലാതെ അമേരിക്ക സന്ദര്‍ശിച്ച നെഹ്റുവിനും ഇന്ദിരാന്ധിക്കും ലഭിച്ച സ്വീകരണമെന്ന കുറിപ്പോടെ ട്വീറ്റ് ചെയ്ത ചിത്രമാണ് ശശി തരൂരിനെ കുഴിയിൽ‍ ചാടിച്ചത്.

ചിത്രം യഥാര്‍ത്ഥമാണെങ്കിലും യുഎസ്എസ്ആറില്‍ നടത്തിയ സന്ദര്‍ശനമാണ് ശശി തരൂര്‍ അമേരിക്കയാക്കിയത്. അതുപോലെ, ഇന്ദിരാ ഗാന്ധി എന്ന് തെറ്റായി എഴുതി. ഇന്ദിരാ ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധിയെന്നാണ് തരൂര്‍ എഴുതിയത്. 1955ല്‍ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച നെഹ്റുവിനും ഇന്ദിരക്കും റഷ്യന്‍ ജനത നല്‍കിയ സ്വീകരണമാണ് തരൂര്‍ തെറ്റായി ട്വീറ്റ് ചെയ്തത്.

തരൂരിന് തെറ്റ് പറ്റിയെന്ന് വ്യക്തമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വിമര്‍ശനം വന്നതോടെ തരൂര്‍ വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. സ്ഥലം തെറ്റിപ്പോയെങ്കിലും തന്‍റെ സന്ദേശം വ്യക്തമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.