സന്തോഷമുള്ള ദിവസം അവസാനിച്ചത് ദുഖത്തിലും കരച്ചിലിലും- മഷൂറ

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽ മീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. അടുത്തിടെയാണ് മഷൂറക്ക് കുഞ്ഞ് ജനിച്ചത്.

ഇപ്പോഴിതാ മഷൂറ പങ്കുവച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസത്തെ വലിയ പെരുന്നാളാഘോഷത്തിനിടെ നടന്ന വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ച്‌ പറഞ്ഞു കൊണ്ടാണ് വീഡിയോ. സന്തോഷത്തോടെയാണ് ആ ദിവസം തുടങ്ങിയത്. പക്ഷേ, അത് അവസാനിച്ചത് കണ്ണീരോടെയാണെന്ന് മഷൂറ പറയുന്നു. പെരുന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയിലാണ് മഷൂറ ഇക്കാര്യം പറഞ്ഞത്.

ബഷീറിന്റെ സഹോദരനും കുടുംബത്തിനും ഒപ്പമായിരുന്നു ഇത്തവണത്തെ ഈദ് ആഘോഷം. അതിരാവിലെ തന്നെ എഴുന്നേറ്റ് പണികളെല്ലാം തുടങ്ങിയെന്ന് മഷൂറ പറയുന്നു. സോനുവും ഞാനും ബാബിയും എല്ലാം ചെയ്യാനുണ്ട്. അവരൊക്കെ പള്ളിയില്‍ പോയി വരുമ്പോള്‍ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കണം. അതുകഴിഞ്ഞ് ഉച്ചയ്ക്കുള്ള ബിരിയാണിയും പായസവും. ഇതൊക്കെ കഴിഞ്ഞുവേണം ഞങ്ങള്‍ക്ക് റെഡിയാവാന്‍. അതിന് സമയം കിട്ടുമോ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

പ്രഗ്നന്റാണെന്ന് അറിയുന്നത് കഴിഞ്ഞ പെരുന്നാളിനാണ്. പള്ളിയില്‍ പോവുന്നതിന് മുന്‍പാണ് ടെസ്റ്റ് ചെയ്തത്. നല്ലൊരു ഗുഡ് ന്യൂസോട് കൂടിയാണ് പള്ളിയിലേക്ക് പോയത്. ഇപ്പോള്‍ ഒരു വര്‍ഷമായി. ഇത്രയും നല്ലൊരു മുത്തുമണിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും മഷൂറ പറഞ്ഞു. ഉച്ചയ്ക്ക് എല്ലാവരും ചേര്‍ന്ന് ബിരിയാണി കഴിക്കുന്നതിന്റെയും ശേഷം പുറത്തുപോകുന്നതിന്റെയുമൊക്കെ വിശേഷങ്ങള്‍ വീഡിയോയിലുണ്ട്. ബഷീറിന്റെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര.

പിന്നീടാണ് ഈദ് ദിനത്തില്‍ ഉണ്ടായ വിഷമത്തെ കുറിച്ച്‌ മഷൂറ പങ്കുവച്ചത്. ‘വൈകുന്നേരം വരെ എല്ലാം അടിപൊളിയായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് സുനുവും എബ്രുവും വീണത്. ഇവനെ വിടാതെ അവള്‍ ഇരുന്ന് പോയി. അവളുടെ ശരീരം നോക്കാതെ ഇവനെ കെയര്‍ ചെയ്യുകയായിരുന്നു സുനു. ആ സമയത്ത് ഞാന്‍ കുറച്ച്‌ ഒച്ചയെടുത്തിരുന്നു. അത്രയും പേടിച്ച്‌ പോയി. അവനൊന്നും പറ്റിയില്ല, എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ, എനിക്കത് ചിന്തിക്കാനേ പറ്റില്ല. അതിന് ശേഷം ഞാന്‍ ആരോടും സംസാരിച്ചിട്ട് പോലുമില്ല.