18കാരനെ രക്ഷിക്കാമായിരുന്നിട്ടും മരണത്തിലേക്ക് തള്ളിവിട്ടു, ഒരമ്മയും ഇതുപോലെ ചതിക്കരുതെന്ന് ലേക്‌ഷോര്‍ ആശുപത്രിയി മരിച്ച എബിന്റെ അമ്മ

ഇടുക്കി: ഒരു ആശുപത്രിക്ക് നേരെയും ഉയരാൻ പാടില്ലാത്ത ആരോപണമാണ് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന സംശയമാണ് ഉടുമ്പൻചോല സ്വദേശിയായ വിജെ എബിന്റെ അമ്മ ഓമനയ്ക്കുള്ളത്. മകനെ ഒരു രീതിയിലും രക്ഷിക്കാനാകില്ലെന്നും, ചികിത്സാ തുടർന്നാൽ തന്നെ ഭീമമായ തുകയുടെ ചിലവ് മാത്രമാകും ഉണ്ടാകുക എന്നുമാണ് ആശുപത്രിയിലെ ഡോക്ടർമാർ ഓമനയോട് പറഞ്ഞത്.

പണം എങ്ങനെയും എത്തിക്കാം, എന്നാൽ അവനെ രക്ഷിക്കാനാകില്ല എന്ന് അവർ ഉറപ്പിച്ചു പറയുകയായിരുന്നു. സർജറി ചെയ്യാൻ പറ്റാത്ത വിധം ഷുഗറും പ്രഷറും ഉയർന്നു നിന്നിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. മകന്റെ മരണം സംഭവിക്കുമെന്നും അതിന് മുൻപ് അവയവങ്ങൾ മറ്റാർക്കെങ്കിലും നൽകികൂടിയെന്നും ചോദിച്ച അവർ വീട്ടുകാരെ എബിനെ നഷ്ടമാകുമെന്ന മാനസിക അവസ്ഥയിൽ എത്തിക്കുകയായിരുന്നു.

അധികം വൈകാതെ തന്നെ വേണ്ട കടലാസുകളിലെല്ലാം ഒപ്പിട്ടു വാങ്ങി. തൊട്ടടുത്ത ദിവസം എബിന്റെ മരണ വാർത്തയുമെത്തി.എബിനെ അരമന പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അന്നൊന്നും ഒരു സംശയവും തോന്നിയിരുന്നില്ല. എന്റെ കുഞ്ഞ് മരിച്ചത് ചികിത്സ കൊടുക്കാത്തതു കൊണ്ടാണെന്ന്‌ ഞാന്‍ ചിന്തിച്ചിട്ടില്ലെന്നും അമ്മ ഓമന മധ്യമങ്ങളോട് പറഞ്ഞു.

എബിന്റെ മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയില്‍ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരേ സമന്‍സ് അയയ്ക്കാന്‍ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയാണ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി സമന്‍സിന് ഉത്തരവിട്ടത്.

ഉടുമ്പൻചോല സ്വദേശിയായ വിജെ എബിൻ എന്ന 18 കാരനെ അപകടം സംഭവിച്ചതിനെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. 2009 നവംബർ 29 നായിരുന്നു സംഭവം. എന്നാൽ യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാൽ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് ഉയർന്ന ആരോപണം.

ഏതെങ്കിലും രീതിയിൽ രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാൽ അത് ഡോക്ടർമാർ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് ബോധപൂർവം വിട്ടുകൊടുക്കുക ആയിരുന്നു എന്നുമാണ് പരാതി. മരണശേഷം യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്തു. എന്നാൽ നടപടി ക്രമങ്ങൾ ഒന്നുംതന്നെ പാലിച്ചിരുന്നുമില്ല.