മെറിനെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമം, മലയാളികളുടെ ഈ പ്രവണത വേദനാജനകമെന്ന് സഹപ്രവര്‍ത്തക

കോറല്‍ സ്പ്രിങ്‌സ് : മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു അമേരിക്കയില്‍ ഭര്‍ത്താവിന്റെ ക്രൂരതയില്‍ മലയാളി നഴ്‌സിന് ജീവന്‍ നഷ്ടമായ സംഭലവം. മെറിന്‍ ജോയി എന്ന നഴ്‌സിനെ ഭര്‍ത്താവ് ഫിലിപ് മാത്യു എന്ന നെവിന്‍ കുത്തിയ ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ മെറിനെതിരെ മോശമായ പല പ്രചരണങ്ങളും മലയാളികള്‍ തന്നെ നടത്തി തുടങ്ങി. കൊലപ്പെടുത്തിയ നെവിനെ മഹത്വത്കരിച്ചും മെറിനെ മോശക്കാരിയാക്കിയും നിരവധി കമന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. മെറിന്‍ മോശക്കാരിയായത് കൊണ്ടാണ് നെവിന്‍ കൊലപ്പെടുത്തിയതെന്നും നെവിന്റെ അഘാദമായ സ്‌നേഹമാണ് അതില്‍ കാണുന്നതെന്നു ഉള്‍പ്പെടെ നിരവധി കമന്റുകള്‍ എത്തി.

മെറിനെതിരെ മോശം കമന്റുകളും വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്ന് മെറിന്റെ സഹപ്രവര്‍ത്തകയായ മിനിമോള്‍ പറയുന്നു. അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും ഇത്തരം മോശം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മലയാളി സമൂഹത്തില്‍ നിന്നുമാണ് കൂടുതലായും ഇത്തരം പ്രതികരണങ്ങള്‍ കണ്ടത്. ഇത് വളരെ വേദന ജനകമായ കാര്യമാണ്. യഥാര്‍ത്ഥ കാര്യം എന്താണെന്നോ സത്യാവസ്ത എന്താണെന്നോ അറിയാതെ ഇക്കാര്യത്തില്‍ എന്തും പറയാമെന്നുള്ള ആളുകളുടെ മനോഭാവം വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.

ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവിനെ വേണ്ടെന്ന് വയ്ക്കില്ല. പക്ഷേ ഭര്‍ത്താവ് മൂലം ജീവിതം തന്നെ അപകടത്തിലാവുന്ന ഘട്ടത്തില്‍ അവള്‍ക്ക് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു. അവനവന്റെ കുടുംബത്തിലുള്ളവര്‍ക്ക് അത് മനസിലാകും, പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് അത് മനസിലാവില്ല. അമേരിക്കയില്‍ നെവിന്റെ ചില സുഹൃത്തുക്കള്‍ മെറിനെതിരെ പ്രതികരിച്ചു. -മിനിമോള്‍ പറഞ്ഞു.

മെറിനെ നെവിന്‍ പതിവായി ഭീഷണിപ്പെടുത്തിയിരുന്നു. മുമ്പ് മെറിന്റെ സഹോദരിയുടെ കുട്ടികള്‍ക്ക് നേരെയും നെവിന്‍ കത്തി വീശിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൊലപാതക ശ്രമത്തിന് പരാതി നല്‍കിയിരുന്നു. ശാരീരികമായും മാനസികമായും നെവിന്‍ മെറിനെ ആക്രമിച്ചിരുന്നു. മുന്‍പും മെറിനെതിരെ കൊലപാതക ശ്രമം ഉണ്ടായിട്ടുണ്ടെന്നും മിനിമോള്‍ പറഞ്ഞു.

തന്നെ ആക്രമിച്ചതു ഭര്‍ത്താവ് ഫിലിപ് മാത്യു ആണെന്ന് മരിക്കും മുന്‍പ് മെറിന്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലന്‍സില്‍വച്ചാണ് മെറിന്‍ ഇതു പൊലീസിനെ അറിയിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് നെവിന്‍ മെറിനെ ആക്രമിച്ചത്. 45 മിനിട്ടോളം നെവിന്‍ മെറിനെ ഇവിടെ കാത്ത് നില്‍ക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മെറിനെ നെവിന്‍ നിരവധി പ്രാവശ്യം കുത്തി വീഴ്ത്തി. നിലത്ത് വീണ മെറിന്റൈ ദേഹത്തുകൂടി നെവിന്‍ കാര്‍ കയറ്റി ഇറക്കുകയും ചെയ്തു.