ബക്രീദിന് ഇളവ് ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍; ഇത് ശരിയായ രീതിയല്ലെന്ന് വി മുരളീധരന്‍

സംസ്ഥാനത്ത് ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബക്രീദിന് ലോക്ഡൗണിന് ഇളവ് നല്‍കുക, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇളവുകള്‍ കൊടുത്തു വ്യാപാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധി ആണ്. ഇത്തരത്തില്‍ കുറുക്കു വഴികള്‍ തേടുന്നത് സര്‍ക്കാരിന് നല്ലതല്ല. ഇതിനായി ശാസ്ത്രീയ വഴികള്‍ തേടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച അടച്ചിട്ടു ഒരുദിവസം തുറക്കുമ്പോള്‍ കൂടുതല്‍ അപകടം ഉണ്ടാക്കും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൊറോണയെ ഉപയോഗിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത് ആണ് കേള്‍ക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ഇതിലൂടെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ സമീപനം മാറ്റണം. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിര്‍ദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രത്യേകമായി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.