വീടിന് വേണ്ടി കാത്തിരിക്കെ മുഹമ്മദിന് ഭാഗ്യദേവതയുടെ കടാക്ഷം

മേലാറ്റൂര്‍: പലപ്പോഴും അര്‍ഹരായവര്‍ക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം ലഭിക്കാറുണ്ട്. അര്‍ഹരായവര്‍ക്ക് ഇത്തരത്തില്‍ ഒരു ഭാഗ്യം ലഭിക്കുമ്പോള്‍ സമൂഹത്തിനും സന്തോഷമാണ്. മേലാറ്റൂര്‍ എടയാറ്റൂരിലെ തോണിക്കര മുഹമ്മദി(മാനു)ന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചപ്പോഴും സമൂഹത്തിന് സന്തോഷമായിരുന്നു. കാരണം മറ്റൊന്നുമല്ല അദ്ദേഹം അത് അര്‍ഹിച്ചിരുന്നു.ഒരു തുണ്ട് ഭൂമി ഇല്ലാതിരുന്ന അദ്ദേഹത്തിന് ഒരു വീട് എന്ന സ്വപ്‌നം സാധ്യമാവുകയാണ്.

15 വര്‍ഷമായി വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ മാറി മാറി താമസിച്ച് വരികയായിരുന്നു മുഹമ്മദ്. പ്രദേശ സ്ഥലവാസിയായ ടി.കെ. കുട്ടിമാന്‍ 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു.ഇവിടെ ലൈഫ്മിഷന്‍ പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് മുഹമ്മദിനെ തേടി ഭാഗ്യ ദേവതയുടെ കടാക്ഷം എത്തിയത്. മുഹമ്മദിന്റെ മാതാപിതാക്കളും മറ്റൊരു വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഇവര്‍ക്കും തനിക്കുമായി രണ്ട് വീടുകള്‍ നിര്‍മിക്കാനാണ് ആഗ്രഹമെന്ന് മുഹമ്മദ് പറയുന്നു. ഭാര്യയും 4 മക്കളുമടങ്ങുന്നതാണ് മുഹമ്മദിന്റെ കുടുംബം.

ഓട്ടോ തൊഴിലാളിയാണ് മുഹമ്മദ്. വേനല്‍ കാലങ്ങളില്‍ കിണര്‍ കുഴിക്കുന്ന ജോലിയും ചെയ്ത് വരികയാണ്. ടിക്കറ്റ് മേലാറ്റൂര്‍ എടയാറ്റൂരിലെ എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചു.