മുല്ലപ്പെരിയാർ; സുപ്രീംകോടതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ ഇന്ന് വിലയിരുത്തും. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതിയാണ് ഇന്ന് അണക്കെട്ട് പരിശോധിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. കേന്ദ്ര ജലക്കമ്മീഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിൻ്റെ പ്രതിനിധികളും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്നാട് പ്രതിനിധികളുമാണ്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകൾ അടച്ചു. 1,5,6 ഷട്ടറുകളാണ് അടച്ചത്. രാവിലെ 8 മണിക്കാണ് ഷട്ടറുകൾ അടച്ചത്. ബാക്കി മൂന്നെണ്ണം 50 സെന്റിമീറ്റർ ആയി കുറച്ചു. 2,3,4 ഷട്ടറുകൾ 50 സെൻ്റീ മീറ്റർ വീതമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. സ്പിൽവേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.