സിനിമകളുടെ നെഗറ്റീവ് റിവ്യൂ, ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി : സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ തീയേറ്ററുകൾ കേന്ദ്രീകരിച്ച് ഓൺ ലൈൻ വ്‌ളോഗർമാർ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.ഒരു സിനിമ എന്നത് വര്ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്.

ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ പോലും കാണാൻ നിൽക്കാതെ സിനിമക്കെതിരെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നാളെ റിലീസ് ചെയ്യാൻ പോകുന്ന സിനിമ “ആരോമലിന്റെ ആദ്യത്തെ പ്രണയ”ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട്‌ ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരി വാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചു.

തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൌൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുമ്പോൾ സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും സിനിമ റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺ ലൈൻ റിവ്യുവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്.

അതിനാൽ സോഷ്യൽ മീഡിയകളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അഡ്വ ശ്യാം പത്മനെ ഹൈക്കോടതി ഇക്കാര്യത്തിൽ അമിക്കസ് ക്യൂറി ആയി നിയമിച്ചു. ഹർജിക്കാരന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ സി ആർ രഖേഷ് ശർമ്മ ഹാജരായി. ഹൈക്കോടതി ഹർജി വീണ്ടും നാളെ പരിഗണിക്കും.