പ്രളയത്തെ നേരിടാന്‍ കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യം ;ഓഖിയിലെ സഹായത്തിന് നന്ദിയുമായി മത്സ്യ തൊഴിലാളികള്‍

പോലീസ് മുതല്‍ പട്ടാളം വരെ ശ്രമിച്ചിട്ടും രക്ഷാപ്രവര്‍ത്തനം എങ്ങുമെത്തിയില്ല. എല്ലാ ഗ്രാമങ്ങളിലും വെള്ളം കയറിയതോടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും കഴിയില്ല. എന്നാല്‍ ഈയൊരു വല്ലാത്ത സാഹചര്യത്തില്‍ ആരും ആവശ്യപ്പെടാതെ ഓഖിയിലെ സഹായത്തിന് നന്ദിയുമായി മത്സ്യ തൊഴിലാളികള്‍ രംഗത്തെത്തി. തങ്ങളുടെ ബോട്ടുകളും വള്ളങ്ങളുമായി അവര്‍ നേരെ വെള്ളമുള്ള സ്ഥലത്തേയ്ക്ക് എത്തിത്തുടങ്ങി. സംസ്ഥാനം നേരിടുന്ന കടുത്ത പ്രളയ ദുരന്തത്തെ നേരിടുന്നതിനായി ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തിലാണ് ഇപ്പോള്‍ കേരളം. കര, നാവിക, വ്യോമ സേനകളുടെയും ഫയര്‍ ആന്റ് റെസ്‌ക്യും ദുരന്ത നിവാരണ അതോറിറ്റി കോസ്റ്റ് ഗാര്‍ഡ് എന്നീവയുടെര്യും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

എറണകുളത്ത് പുലര്‍ച്ചെ അഞ്ച് മണി മുതലും പത്തനംതിട്ടയില്‍ ആറുമണി മുതലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആലുവയില്‍ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്. വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകളും രണ്ട് ചെറു വിമാനങ്ങളും 250 ബോട്ടുകളുമെത്തിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൌത്യത്തിലാണ് സേനകള്‍.

പലയിടങ്ങളിലായി ഒറ്റപ്പെട്ട് കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് രാവിലെ തുടക്കം കുറിച്ചിരിക്കുന്നത്. പ്രളയത്തില്‍ അകപ്പെട്ടു കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമായി മൈസൂരില്‍ നിന്നും സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്റര്‍ പുറപ്പെട്ടിട്ടുണ്ട്.