നെഞ്ചോട് ചേർത്ത് പുതുപ്പള്ളി, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ കണ്ണീരോടെയെത്തി പ്രാർത്ഥന, നേതൃനിരയിലേക്ക് തലയുയർത്തി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ സർവ്വാധിപത്യത്തോടെ ചാണ്ടി ഉമ്മൻ. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോർഡ് ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിലെ പുതിയ ചരിത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയം 36454 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം.

ഫലം പുറത്തുവന്നപ്പോൾ വിജയം ഉറപ്പിച്ച ശേഷം ചാണ്ടി ഉമ്മൻ, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്ക്കായെത്തി. പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ (പുതുപ്പള്ളിപ്പള്ളി) പിതാവിന്റെ കല്ലറയുടെ ചുറ്റും വലംവച്ചശേഷം കുറച്ചുനേരം മൗനമായി നിന്നു. മുട്ടുകുത്തി കല്ലറയില്‍ മുഖം ചേര്‍ത്ത് ഏറെ നേരം പ്രാര്‍ഥിച്ചു. തുടര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചാണ്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നീട് കുടുംബ കല്ലറയുടെ സമീപത്തേക്കും അദ്ദേഹം പോയി. പി.സി. വിഷ്ണുനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചാണ്ടിക്കൊപ്പം കല്ലറയിലേക്ക് എത്തിയിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ചാണ്ടി ഉമ്മന്റെ കുതിപ്പാണ് കണ്ടത്. ആദ്യ റൗണ്ടിൽ അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. പഞ്ചായത്തിലെ ഒന്നുമുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണിയപ്പോൾ തന്നെ 2816ന്റെ ലീഡാണ് ചാണ്ടി ഉമ്മൻ ഉയർത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിലായി അയർക്കുന്നം പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടുകൾ എണ്ണിയപ്പോൾ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ കാഴ്ചവെച്ചത്. 2021ൽ അയർക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇത്തവണ നാലിരട്ടി വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചത്.

കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണർകാടും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കാലിടറി. ഇവിടെയും ചാണ്ടി ഉമ്മൻ ജൈത്രയാത്ര നടത്തുന്നതാണ് കണ്ടത്. ഇതിന് പുറമേ അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം പ്രദേശങ്ങളിലെ ഭൂരിപക്ഷം വോട്ടുകളും ചാണ്ടി ഉമ്മന്റെ പെട്ടിയിൽ വീണു.