പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ തലശ്ശേരിയിലേക്ക് ജനപ്രവാഹം

കണ്ണൂര്‍. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ചു. സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളുടെ അകമ്പടിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ടൗണ്‍ ഹാളില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും ടൗണ്‍ഹാളിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ വഴിയരികില്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ കാത്ത് നിന്നത് പതിനായിരങ്ങളാണ്.

കോടിയേരിയുടെ മൃതദേഹം ടൗണ്‍ഹാളില്‍ എത്തിച്ചപ്പോള്‍ മുന്‍ ആഭ്യന്തര മന്ത്രികൂടിയായ അദ്ദേഹത്തിന് കേരള പോലീസ് ആദരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന് നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ ശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും സാധാരണക്കാരുമടക്കം അദ്ദേഹത്തിന് പുഷ്പചക്രം സമര്‍പ്പിച്ചു.

പതിനായിരക്കണക്കിന് ജനങ്ങളാണ് കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ടൗണ്‍ ഹാളിലേക്ക് എത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി 10 മണിയോടെ മൃതദേഹം അദ്ദേഹത്തിന്റെ മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിങ്കള്‍ രാവിലെ 10 മണിവരെ അവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ 11 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌ക്കാരം.