അഴിമതിയില്ലാത്ത ഭരണസംവിധാനം രാജ്യത്തെ മുന്നോട്ടുനയിച്ചു, ചുവപ്പുനാട ഇല്ലാതെയായി, മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നു

തിരുവനന്തപുരം: രാഷ്‌ട്രീയ തുടർച്ച ഇന്ന് ജനങ്ങൾക്ക് ആവശ്യമാണ്. അതിനാൽ മോദി സർക്കാരിന്റെ തുടർ ഭരണമാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. അഴിമതിയില്ലാത്ത ഭരണസംവിധാനം രാജ്യത്തെ മുന്നോട്ടുനയിച്ചുവെന്നും ചുവപ്പുനാട ഇല്ലാതെയായെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘ഇലക്ട്രൽ ബോണ്ട് അഴിമതിയുടെ ഭാഗമല്ല, അക്കൗണ്ടിൽ നിന്ന് അക്കൗണ്ടിലേക്കുള്ള പണം മാറ്റം ശരിയായ രീതിയിൽ തന്നെയാണ് നടന്നത്. കള്ളപ്പണ ഇടപാടല്ല ഇത്. നിയമപരമായ വഴിയിലൂടെയാണ് പണം സമാഹരിച്ചത്. പ്രതിപക്ഷം ഉൾപ്പെടെ എല്ലാ പാർട്ടികൾക്കും അതിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയാണ് ഓരോ നടപടികളും കേന്ദ്രസർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നത്. ലോകത്തിലെ ഏതൊരു ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയിൽ രാജ്യത്തെ ബാങ്കുകളെ മാറ്റി. കൊവിഡിന് ശേഷം ഏറ്റവുമധികം വളർച്ച കൈവരിച്ച സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയിലെ യുവത്വത്തിന് ഇതിന്റെ ഫലം ലഭിക്കും. പ്രതിസന്ധികൾ ഉണ്ടായപ്പോഴും നികുതി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. . നേരിട്ടോ അല്ലാതെയോയുള്ള നികുതി കൂട്ടാതെയാണ് ഇന്ത്യ ഈ വളർച്ച കൈവരിച്ചത്’- നിർമല സീതാരാമൻ പറഞ്ഞു.