24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികള്‍, രാജ്യത്ത് കോവിഡ് പിടിവിട്ട നിലയില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്.  രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകള്‍ പിടിവിട്ട നിലയില്‍. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 93,528 പേര്‍ രോഗമുക്തി നേടി.

ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 14,71,877 ആയി. വരും ദിവസങ്ങളില്‍ കോവിഡ് കണക്കുകള്‍ മൂന്ന് ലക്ഷത്തിലേക്ക് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാമാരി വര്‍ധിത വീര്യത്തോടെ പടരുന്നതിനിടെ കുംഭ മേള നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മേള നിര്‍ത്തുന്നതിനേക്കുറിച്ച്‌ ആലോചനകള്‍ പോലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിനിടയിലും ഏപ്രില്‍ 30 വരെ കുംഭമേള തുടര്‍ന്നേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മേള നിര്‍ത്തുന്നതിനേക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭ മേള ഓഫീസറുമായ ദീപക് രജാവത്ത് പ്രതികരിച്ചു.

ഒക്‌ടോബര്‍ 30ന് പ്രതിദിന കേസുകളുടെ എണ്ണം ലക്ഷം കടന്ന യു.എസില്‍ അത് രണ്ട് ലക്ഷമായത് നവംബര്‍ 20നായിരുന്നു. വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം ജനുവരി എട്ടാം തിയതി യു.എസില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 3,09,035 ആയിരുന്നു.

കഴിഞ്ഞ ദിവസവും രാജ്യത്ത് മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണങ്ങളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒക്‌ടോബര്‍ രണ്ടിന് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. മഹാരാഷ്ട്രക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. 20,510 പുതിയ കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 58,952 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.