മലയാളികളെ തിരിച്ചെത്തിക്കാന്‍ ട്രെയിന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ നിന്ന് പുറത്തേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ മലയാളികളെ തിരിച്ചെത്തിക്കാന്‍ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മലയാളികള്‍ നാട്ടിലേക്ക് വന്നുതുടങ്ങി. ആദ്യ ഘട്ടത്തില്‍ 30,000 പേര്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ഒരു ദിവസം 12,600 പേരെ അനുവദിക്കും. പാസ് കിട്ടാത്തവര്‍ കോവിഡ് വാര്‍ റൂമില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ മഞ്ചേശ്വരം എന്നീ അതിര്‍ത്തി കവാടങ്ങള്‍ വഴിയാണ് ഇവരെ തിരിച്ചെത്തിക്കുക.കേരളത്തിലേക്ക് തിരിച്ചെത്താനായി നിരവധി മലയാളികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് പാസ് അനുവദിച്ചു തുടങ്ങുകയും ചെയ്തു. 1,50,054 പേരാണ് ഇതിനോടകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുക.