ആത്മഹത്യക്ക് ശ്രമിച്ചതിന് പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി. ആത്മഹത്യക്ക് ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്. ബുധനാഴ്ച അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയില്‍ അലന്‍ ഷുഹൈബിനെ ഫ്‌ലാറ്റില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ അലന്‍ കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണങ്ങളുടെ കാലത്ത് താന്‍ കൊഴിഞ്ഞ് പോയ പൂവാണെന്നും അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശം. അലന്‍ എറണാകുളത്തുള്ള ബന്ധുവിന്റെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. പന്തീരങ്കാവ് യുഎപിഎ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ആത്മഹത്യ ശ്രമം.

2019 നവംബറിലാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നിയമ വിദ്യാര്‍ഥിയായ അലന്റെ പരീക്ഷയെ ബാധിക്കുന്ന തരത്തില്‍ വിചാരണ നടക്കുന്നതിനാല്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.