12 ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ പോലീസ് ജീപ്പ് 20 മിനിറ്റ് കൊണ്ട് 28 കിലേമീറ്റര്‍ താണ്ടി

നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന പോലിസുകാര്‍ സമൂഹത്തിന് എന്നു മാതൃകയാണ്. രാജ്യം ലോക്ക് ഡൗണായതോടെ പലരും ബുദ്ധിമുട്ടിലാണ്. 12 ദിവസം പ്രായമായ കുട്ടിക്ക് അസുഖം വന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുടുംബത്തിന് സഹായവുമായെത്തിയത് പോലിസുകാരാണ്. കണ്ണൂര്‍ ചെറുപുഴയിലാണ് മഹനീയമായ പ്രവര്‍ത്തി ചെയ്ത് പോലിസ് സമൂഹത്തിന് മാതൃകയായത്.

പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് ജീപ്പ് ഓടിയത് ഇരുപത്തിയെട്ട് കിലോ മീറ്ററുകള്‍. പാറോത്തുംനീര്‍ സ്വദേശി പുളിഞ്ചക്കാതടത്തില്‍ അനീഷിന്റെയും ജ്യോതിയുടെയും കുഞ്ഞാണ് പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത്. അസുഖം മൂര്‍ച്ഛിച്ചതോടെ പാറോത്തുംനീരില്‍ നിന്നു പരിചയമുള്ള ഒരു ഓട്ടോറിക്ഷല്‍ കുഞ്ഞുമായി ദമ്ബതികള്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തി. തുടര്‍ന്ന് കുട്ടിയുടെ നില ഗുരുതരമാണെന്നും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശം നല്‍കി.

28 കിലോമീറ്ററുകള്‍ അപ്പുറം പയ്യന്നൂരിലെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കണമായിരുന്നു. എന്നാല്‍ ലോക്ക ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനയുള്ളതിനാല്‍ ഓട്ടോറിക്ഷയുമായി പയ്യന്നൂരില്‍ പോകാന്‍ ഡ്രൈവര്‍ ബുദ്ധിമുട്ടറിയിച്ചു. ഇതോടെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി ദമ്ബതികള്‍.

ദമ്ബതികളുടെ വിഷമം കണ്ട ഓട്ടോ ഡ്രൈവര്‍ ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്പെക്ടര്‍ എം പി വിനീഷ് കുമാറിനോട് വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സിനായി കാത്തു നില്‍ക്കാതെ സീനിയര്‍ പോലീസ് ഓഫീസര്‍ സുധീര്‍ കുമാറിനൊടും ഡ്രൈവര്‍ കെ മഹേഷിനോടും കുട്ടിയെ എത്രയും വേഗം പയ്യന്നൂരിലുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതോടെ ഇരുവരും ചേര്‍ന്ന് കുഞ്ഞിനെയും മാതാപിതാക്കളെയും പോലീസ് വണ്ടിയില്‍ കയറ്റി പയ്യന്നൂരിലുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 28 കിലോമീറ്റര്‍ 20 മിനിറ്റ് കൊണ്ട് സഞ്ചരിച്ചാണ് കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചതിനാല്‍ നവജാത ശിശു സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു