ജാനുവിന് കോഴ; ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് കോഴ വിവാദത്തില്‍ ബിജെപി വയനാട് ജില്ലാ ഘടകത്തില്‍ രൂപപ്പെട്ട പ്രതിസന്ധി തുടരുകയാണ്. കൂടുതല്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രാജി ഇന്നും ഉണ്ടാകും. സുല്‍ത്താന്‍ ബത്തേരി കോഴവിവാദത്തില്‍ ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ.പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. സി.കെ ജാനുവിന് പണം നല്‍കിയ കേസിലെ ആരോപണ വിധേയനാണ് പ്രശാന്ത്.

പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദീപുവിനെയും സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്‍റ് ലിലില്‍ കുമാറിനെയും സ്ഥാനത്തു നിന്ന് നീക്കിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെച്ചു.

ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ജില്ലാ ഘടകത്തില്‍ ആരംഭിച്ച തര്‍ക്കങ്ങളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

ബത്തേരിയില്‍ മാത്രം 270 പ്രവര്‍ത്തകരും ബത്തേരി, കല്‍പറ്റ മണ്ഡലം കമ്മറ്റികളും രാജിവെച്ചു. പ്രതിസന്ധിക്ക് അയവുവരാത്ത പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ രാജി ഇന്നും തുടര്‍ന്നേക്കും