കേരളത്തിലും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും, കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ബദല്‍ ബിജെപി നല്‍കും.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെയാണെന്ന് തെളിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. ഇത് കേരളത്തിലും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവയ്ക്ക് ശേഷം ക്രിസ്ത്യന്‍ സമൂഹം കൂടുതലായി താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് വിജയിക്കുവാന്‍ സാധിച്ചു. അതുകൊണ്ട് കേരളത്തിലും വിജയിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ബിജെപിയുടെ വിജയത്തിന്റെ രഹസ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ ചില അഭ്യുദയകാംക്ഷികള്‍ക്കും അതിന്റെ കാരണം അറിയണം. ത്രിവേണിയാണ് അതിന്റെ കാരണം. ത്രിവേണിയെന്നാല്‍ മൂന്ന് ധാരകളുടെ സംയോജനമാണ്. അതില്‍ ഒന്നാമത്തേത് ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം. രണ്ടാമത്തേത് ബിജെപിയുടെ പ്രവര്‍ത്തന ശൈലിയാണ്. മൂന്നാമത്തേത് ബിജെപിയുടെ പ്രവര്‍ത്തകരാണ്’ മോദി പറഞ്ഞു.