വളരെ കുറച്ചുപേര്‍ക്കെ ഈ ധൈര്യം ഉണ്ടാകൂ , രാഹുലിന്റെ രാജി തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

ഇന്നലെയാണ് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ച കാര്യം രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ അറിയിച്ചത്. പുതിയ അധ്യക്ഷനെ ഉടനെ കണ്ടെത്തണമെന്നും അതിന് ഒട്ടും തന്നെ വൈകിക്കൂടെന്നും കാണിച്ചായിരുന്നു രാഹുലിന്റെ രാജി.

ഇതിന് പിന്നാലെ രാഹുലിനെ പിന്തുണച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി.’നിങ്ങളെ പോലെ ഇത് ചെയ്യാന്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ധൈര്യമുണ്ടാകൂ, നിങ്ങളുടെ തീരുമാനത്തില്‍ അങ്ങേയറ്റത്തെ ആദരവുണ്ട്-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെയാണ് രാഹുല്‍ തന്റെ രാജി കത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു രാഹുലിന്റെ രാജി.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ് അത് കൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

മാത്രമല്ല അധികാരത്തിനു വേണ്ടിയല്ല താന്‍ രാഷ്ടീയത്തിലിറങ്ങിയതെന്നും ആരോടും വിദ്വേഷമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്നും രാഹുല്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.
വളരെ കുറച്ചുപേര്‍ക്കെ ഈ ധൈര്യം ഉണ്ടാകൂ , രാഹുലിന്റെ രാജി തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക