പിന്‍വാതില്‍ നിയമനങ്ങള്‍ വീണ്ടും ചര്‍‍ച്ചയാകുന്നു; മേയർക്കെതിരെ പ്രതിഷേധം രൂക്ഷം

തിരുവനന്തപുരം: മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ കോര്‍പറേഷന്‍ ഓഫീസ് സംഘര്‍ഷഭൂമിയായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചുകയറി. മേയറെ പുറത്താക്കണമെന്ന് കാട്ടി പ്രതിപക്ഷം പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു. മേയറെ കൊണ്ട് പാര്‍ട്ടി വൃത്തികേട് ചെയ്യിക്കുകയാണെന്ന് വി.ഡി.സതീശന്‍‍ പ്രതികരിച്ചു. കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കോര്‍പറേഷനിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രായം കുറഞ്ഞ മേയറെന്ന പെരുമയോടെ പാര്‍ട്ടി അവതരിപ്പിച്ച ആര്യ രാജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായത് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് ഇരച്ചുകയറി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മേയര്‍ രാജിവച്ചില്ലെങ്കില്‍ പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പി.എസ്.സി വഴിയെത്തുന്ന ചെറുപ്പക്കാര്‍ക്ക് അവസരം നഷ്ടമാക്കി പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

ഇതിനെല്ലാം സർക്കാർ മറുപടി പറയേണ്ടി വരുമെന്നതിൽ തർക്കമില്ല. ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്തുമെന്ന് കോര്‍പറേഷനിലെ പ്രതിപക്ഷമായ ബി.ജെ.പിയും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫീസില്‍ നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു.