പുതിയതായി ആറര ലക്ഷം പേർ ബിജെപിയിൽ ചേർന്നു, മിസ്ഡ് കോൾ വഴി 50,000 പേരും അംഗത്വം നേടി: ശ്രീധരൻ പിള്ള

കേരളത്തിൽ ആറര ലക്ഷത്തോളം പേർ പുതിയതായി ബിജെപിയിൽ ചേർന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. 50,000 പേർ മിസ്ഡ് കോൾ വഴി അംഗത്വം നേടിയതായി കേന്ദ്രനേതൃത്വം അറിയിച്ചതായും ശ്രീധരൻ പിള്ള പറഞ്ഞു.

അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായതെന്നും ശ്രീധരൻ പിള്ള. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ബിജെപിയിൽ എത്തുന്നതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ലക്ഷ്യമിട്ടതിനെക്കാൾ വലിയ പ്രതികരണമാണ് അംഗത്വ പ്രചാരണത്തിനുണ്ടായത്. ഇനിയും രണ്ടു ലക്ഷത്തോളം പേരെക്കൂടി ചേർക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള വർധിച്ച പിന്തുണയാണ് ഇത്തവണത്തെ പ്രത്യേകത. പുതിയ സംഘടനാ തിരഞ്ഞെടുപ്പിനുള്ള മിനിമം യോഗ്യത 20 ശതമാനം അംഗത്വ വർധനയാണ്.

മുൻ എംഎൽഎ ഉമേഷ് ചള്ളിയിൽ, മുൻ വി സി ഡോ. അബ്ദുൾ സലാം, കോഴിക്കോട് മുൻ മേയർ യുടി രാജൻ, സയ്യിദ് താഹ ബാഫക്കി തങ്ഹൾ, പ്രൊഫ. ടി കെ ഉമ്മർ, ഡോ. യഹ്യാ ഖാൻ, ഡോ. മുഹമ്മദ് ജാസിം തുടങ്ങിയ പ്രമുഖരും ബിജെപിയിൽ ചേർന്നതായി ശ്രീധരൻ പിള്ള പറഞ്ഞു