പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്, ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. വിധിയിൽ സംതൃപ്തി.’പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്. എങ്കിലും ഭ​ഗവാന്റെ വേറൊരു വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്.  അത് പുറകെവരുമെന്ന് പ്രതീക്ഷയുണ്ട്. രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിവിധിയിൽ സംതൃപ്തരാണെന്നും കോടതി വിധി രക്ഷിച്ചു എന്നുമാണ് രൺജിത് ശ്രീനിവാസന്റെ അമ്മയുടെ വാക്കുകൾ. വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. ‘സത്യസന്ധമായ കാര്യങ്ങൾ അന്വേഷിച്ച് കോടതിയിലെത്തിച്ച ഒരു ടീമുണ്ട്. ഡിവൈഎസ്പി ജയരാജ് സാറും അദ്ദേഹത്തിന്റെ ടീമും. അദ്ദേഹത്തിന് നന്ദി. കൂടാതെ പ്രോസിക്യൂഷൻ. പ്രോസിക്യൂട്ടറുടെ പരിശ്രമത്തിന് നന്ദി പറഞ്ഞ് വിലയിടാൻ പറ്റില്ല.

അത്യപൂർവമായ കേസ് തന്നെയാണിത്. വെറുമൊരു കൊലപാതകം എന്ന് എഴുതിത്തള്ളാൻ പറ്റില്ല. വായ്ക്കരി ഇടാൻ പോലും പറ്റാത്ത രീതിയിലാണ് അവർ കാണിച്ചുവെച്ചത്. അത് കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്. അത്യപൂർവം തന്നെയാണിത്. എല്ലാവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റില്ല.’ രൺജിത്തിന്റെ ഭാര്യ ലിഷ പറഞ്ഞു.

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം.