ലോട്ടറിയെടുത്ത് കടത്തിലായി, സ്വന്തം വീട്ടില്‍ നിന്ന് 50 പവന്‍ മോഷ്ടിച്ച വൈദികന്റെ മകന്‍ പിടിയില്‍

കോട്ടയം : പട്ടാപ്പകൽ വൈദികന്റെ വീട്ടിൽ നിന്നും 50 പവൻ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മൂത്ത മകൻ ഷിനോ നൈനാൻ ജേക്കബിനെ പിടികൂടിയിരുന്നു.വൻതോതിൽ ലോട്ടറി എടുക്കുന്നയാളായിരുന്നു ഷിനോ. അത് എടുത്ത് തന്നെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെയാണ് വീട്ടിൽ നിന്നും സ്വർണം മോഷ്ടിക്കാൻ തീരുമാനിച്ചത്.

തുടർന്ന് വീട്ടിൽ മെത്തക്കടിയിൽ വെച്ച താക്കോലെടുത്ത് അലമാരയിൽ നിന്ന് ഇത് മോഷ്ടിച്ചു. അടുത്ത വീടുകളിലും കുറ്റിക്കാട്ടിലുമാണ് സ്വർണം ഒളിപ്പിച്ചത്. പാമ്പാടി കൂരോപ്പട ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവനോളം സ്വർണവും 40,000 രൂപയുമാണ് വീട്ടിൽ നിന്ന് മകൻ മോഷ്ടിച്ചത്. സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.

എന്നാൽ സംശയം തോന്നിയതോടെ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായി. മോഷണം നടക്കുന്ന സമയത്ത് ഇയാളുടെ ഫോൺ സ്വച്ച് ഓഫായത് സംശയം വർദ്ധിപ്പിച്ചു. ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽ മുളകുപൊടി വിതറി പോലീസ് നായയെ വഴിതെറ്റിക്കാനും ഇയാൾ ശ്രമം നടത്തി. എന്നാൽ പോലീസ് ബുദ്ധിക്ക് മുന്നിൽ പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല. മോഷ്ടിച്ച പണം സമീപത്തെ കടയിലാണ് ഒളിപ്പിച്ചത്. സ്വർണം റബ്ബർതോട്ടത്തിൽ കുഴിച്ചിട്ടു. തെളിവെടുപ്പ് സമയത്ത് ഇയാൾ തന്നെ അത് പോലീസിന് കാണിച്ചുകൊടുത്തു.