മന്ത്രി സജി ചെറിയാന്റെ വിവാദപ്രസംഗത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ: ഗവര്‍ണര്‍

തിരുവനന്തപുരം/ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനപ്രതിനിധികള്‍ ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലര്‍ത്തുന്നവരായിരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിവാദപ്രസംഗത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്‍ സജി ചെറിയാനോട് വിശദീകരണം ചോദിച്ചതായി അറിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് വിശദീകരണം ചോദിച്ചതിനാല്‍ താന്‍ വിശദീകരണം തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണ്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് താന്‍ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്. മന്ത്രി മാപ്പ് പറഞ്ഞ കാര്യം തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും ഗര്‍ണര്‍ വ്യക്തമാക്കി.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് വിവാദ പ്രസംഗത്തിലൂടെ സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് കൊണ്ട് ഇന്ത്യക്കാരന്‍ എഴുതി വച്ചിരിക്കുകയാണെന്നും. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിത്. ഇതാണ് 75 വര്‍ഷമായി പിന്തുടരുന്നതെന്നും. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രമാണ് എഴുതിവച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.