കുടുംബത്തേയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു, അപമാന കമന്റുകള്‍ക്ക് എതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് സാനിയ ഇയ്യപ്പന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാന്‍സ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിന്നു. എന്നാല്‍ നടിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദര്‍ശനം എന്നാണ് ട്രോളന്മാരും വിമര്‍ശകരും പറയുന്നത്. വിമര്‍ശനം അതിരു കടന്നതോടെ നിയമപരമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇത്രയും നാള്‍ മോശം കമന്റുകളെയും ട്രോളുകളെയും ചിരിച്ചു വിടുകയായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ടു പോവുകയായിരുന്നു എന്നും ഇതോടെ കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നും സാനിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്നുവരെ എല്ലാം ട്രോളും തമാശയുമായി മാത്രമെ കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ തന്റെ കുടുംബത്തേയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതോടെ കേസ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാളെയെങ്കിലും പുറത്ത് കൊണ്ടു വരാന്‍ സാധിച്ചാല്‍ മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കും. ഇന്നേവരെ എന്റെ ഡ്രസിംഗിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ യാതൊരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും ഞാനും വീട്ടുകാരും തമ്മില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈയടുത്ത് നടന്ന ഫോട്ടോഷൂട്ടിന് മോശം രീതിയിലുള്ള കമന്റുകള്‍ വന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.

‘ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’. ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്‌സണാലിറ്റിയും തിരിച്ചറിയേണ്ടത്. ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇന്നേവരെ തന്റെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതിരുന്ന അച്ഛനുമമ്മയും ഈ ഒരു കമന്റോടുകൂടി ആകെ വിഷമത്തിലായി. അവര്‍ തന്നോട് ആദ്യമായി ഇനി ഡ്രസിംഗ്‌സിലൊക്കെ കുറച്ചു ശ്രദ്ധിക്കണം എന്നു പറഞ്ഞപ്പോള്‍ തനിക്ക് വല്ലാതെ ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്തുവെന്നും സാനിയ പറഞ്ഞു.