രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു, പ്രതിദിന എണ്ണത്തില്‍ ഇന്നലെ റെക്കോര്‍ഡ് വര്‍ദ്ധന

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് യാതൊരു കുറവുമില്ല. രോഗബാധിതരുടെ പ്രതിദിന എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. 17,296 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4, 90, 401 ആയി. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് 407 പേര്‍ക്കാണ്. ഇതോടെ മരണസംഖ്യ 15,301ല്‍ എത്തി.

1,89,463 പേര്‍ ഇപ്പോഴും രോഗബാധിതരായി ചികിത്സയില്‍ തുടരുകയാണ്. 2, 85, 636 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 58.24% ആണ് രോഗമുക്തരായവരുടെ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിന് അകം 13,940 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ശരാശരി ലക്ഷത്തില്‍ 33.39 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം. ലോകം മുഴുവനുമുള്ള കണക്ക് പ്രകാരം ഇത് 120.21 ആണ്.

ലോകത്ത് ലക്ഷത്തില്‍ 6.24 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമ്പോള്‍ ഇന്ത്യയില്‍ അത് വെറും 1.06 ആണ്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലേയും 9 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കണക്ക് എടുത്താല്‍ 12 ഇടങ്ങളില്‍ മാത്രമാണ് 10,000നു മുകളില്‍ കേസുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇതില്‍ ഭൂരിഭാഗവും.