മലയാളി പ്രവാസിയുടെ മൃതദേഹം സൗദിയിൽ അനാഥം

മലയാളി പ്രവാസിയുടെ മൃതദേഹം സൗദിയിൽ അനാഥം. എംബാമിങ്ങിനുള്ള പണം കമ്പനി അടച്ചില്ല. 28 വർഷത്തെ സേവനാനന്തര ആനുകൂല്യം ലഭിക്കാനുണ്ട്.

56 ദിവസമായി അനാഥപ്രേതമായി മലയാളി പ്രവാസിയുടെ മൃതദേഹം സൗദിയിൽ മോർച്ചറിയിൽ. കൊല്ലം മങ്ങാട് സ്വദേശി ആന്റണി ആൽബർട്ടിന്റെ (53) മൃതദേഹമാണ് സൗദി നിയമ കുരുക്കിൽപെട്ട് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ വെൽഡറായിരുന്ന ആന്റണി
ഹൃദയാഘാതംമൂലം മേയ് 22നാണു മരിക്കുന്നത്. എംബാമിങ്ങിനുള്ള പണം കമ്പനി അടയ്ക്കാത്തതും കമ്പനിയിൽ നിന്നും ലഭിക്കാനുള്ള 13 മാസത്തെ ശമ്പള തുകയുമാണ് മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകുന്നതിന്റെ കാരണം. ഇതിനുപുറമെ

28 വർഷത്തെ സേവനാനന്തര ആനുകൂല്യവും ആന്റണിയ്ക്ക് ലഭിക്കാനുണ്ട്. മരിച്ചയാളുടെ ബാധ്യതകൾ തീർത്താലേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ സൗദി അനുമതി നൽകുകയുള്ളൂ.

അതിനിടെ ആനുകൂല്യം ലഭിച്ചെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും നിർധന കുടുംബം വിസമ്മതിക്കുകയായിരുന്നു. പ്രശ്നത്തിൽ ഇന്ത്യൻ എംബസിയും സർക്കാരുകളും ഇടപെട്ടിരുന്നു. തുടർന്ന് 14 ലക്ഷം രൂപ കമ്പനി അധികൃതർ എംബസിയെ ഏൽപിച്ചു. തുടർന്ന് രണ്ടുദിവസത്തിനകം മൃതദേഹം അയയ്ക്കുമെന്നായിരുന്നു വിവരം.

എന്നാൽ എംബാമിങ്ങിനുള്ള രണ്ടു ലക്ഷം രൂപ കമ്പനി അടയ്ക്കാത്തതു കൊണ്ട് വീണ്ടും അനിശ്ചിതത്വം നിലനിൽക്കുകയാണ്. എന്നാൽ മൃതദേഹം അയയ്ക്കുന്നതിനു തൊഴിൽമന്ത്രാലയത്തിൽനിന്ന് എൻഒസി എടുക്കാനും പോസ്റ്റ്മോർട്ടം ഒഴിവാക്കാനായി കോടതിയെ സമീപിച്ചതുമാണ് കാരണമെന്നു കമ്പനി അറിയിച്ചു.

https://youtu.be/seevH-_TcFs