ചുമലുകൾ കാണുന്ന തരത്തിൽ ചേല ധരിക്കണമെന്ന ആവശ്യം ശോഭന നിരസിച്ചു

സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച്‌ അധികം ആർക്കും അറിയില്ല. 1970 മാർച്ച്‌ 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോൾ 53 വയസ്സാണ് പ്രായം. വിവാഹത്തോട് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. ശോഭനയുടെ സിനിമ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘യാത്ര’ യിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയിൽ നായകൻ. ജോൺ പോളിന്റേതാണ് യാത്രയുടെ തിരക്കഥ. ‘യാത്ര’യിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര് തുളസി എന്നാണ്.

ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാൻ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നുപറഞ്ഞിരുന്നു. ഇതേകുറിച്ച്‌ തിരക്കഥാകൃത്ത് ജോൺ പോൾ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.’അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്.

വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവൾ കാടിന്റെ പരിസരത്തെ പെൺകുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിച്ചു.

പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച്‌ മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്‌ പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു. ‘ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച്‌ വലിയ വിവരവുമില്ലായിരുന്നു,’ ജോൺ പോൾ പറഞ്ഞു.