ആ സീന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും, വില്ലന്‍ കഥാപാത്രത്തെ കുറിച്ച് ഷമ്മി തിലകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകന്‍. 2003ല്‍ പുറത്തിറങ്ങിയ ഏറെ ജനപ്രീതി നേടിയ ലോഹിതദാസ് ചിത്രമായ കസ്തൂരിമാനില്‍ ഷമ്മി തിലകന്‍ ഒരു വേഷം അവതരിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഷമ്മി തിലകന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇടിയന്‍ രാജപ്പന്‍ എന്ന കഥാപാത്രത്തെ കുറിച്ചും ചിത്രത്തെ കുറിച്ചുമുള്ള ഓര്‍മകളും പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഷമ്മി തിലകന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടിയന്‍_രാജപ്പന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കഥാപാത്രം, ചെയ്യുവാന്‍ എന്നെ ലോഹിയേട്ടന്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇത് ഒരു കാമ്പസ് പ്രണയകഥയാണ്. ഇതില്‍, ‘ഗസ്റ്റ് അപ്പിയറന്‍സ്’ ആയി വരുന്ന ഒരു പൊലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്.

അങ്ങനെ പോയി ചെയ്ത സീനുകള്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ സീനുകള്‍ ഷൂട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങി പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. ഷമ്മീ, ചിലപ്പോള്‍ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും. ചാക്കോച്ചന്റെ കൂടെ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്.

അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളില്‍ നിന്ന് കൊണ്ടുള്ള സീന്‍..! ആ സീനും കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം പറഞ്ഞു. ‘ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും’. എന്ന്..! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടന്‍ ജന്മം കൊടുത്തത്. ഈ സിനിമയില്‍ ഞാന്‍ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വന്‍സിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.

ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം. 2003ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡിന് അവസാനം വരെ പരിഗണനയില്‍ ഉണ്ടായിരുന്ന ഈ കഥാപാത്രം. പ്രസ്തുത ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടന്‍ ഏല്പിച്ചത്. നന്ദി ലോഹിയേട്ടാ. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും. കാട്ടിയ കരുതലിനും.

https://www.facebook.com/shammythilakanofficial/posts/2799269736808088?__xts__[0]=68.ARAjbr8AK98Vqs1vi4JESLO4Nx1t_Pih7oo0DKnTNqcKUTICkjowWWalZ-I_GnNHOrPbMHjMR9HtOAEGdzr3tYk1XN0M_0gi8aWL-K_Lxey8t9AA72y93-8kEbfd6bhlSf53hV5agc4uWmiRHGagf8rL12m7e0KubeFZIwFMa_bzCtPSsqSL175xq-W5ywbg8mKTBEbKkHONZS1KY0qv_zNeFlw4hB_QEvl8m4Z-BFNtn08aWA41eiSMKt08e9sBGMo6qLvegA9OjN3pTYqo5_ukHACoYTR68Rse9DlLHrwE5kkP3SOYuUgkRsZUhmsf5I9IKG3ft1uD8rJNfkSqSMH86Q&__tn__=-R