സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം ഉടൻ വേണം, രേഖകൾ കൈമാറാൻ എന്തിന് കാലതാമസമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: എസ്എഫ്ഐയുടെ ക്രൂരമർദനത്തിന് ഇരയായി പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥ് മരിച്ച സംഭവത്തിൽ കേസ് സിബിഐ ഏറ്റെടുക്കാൻ കേന്ദ്രം ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

മാർച്ച് 23ന് തന്നെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് സർക്കാർ കോടതിക്ക് മറുപടി നൽകിയത്. അന്വേഷണം വൈകുന്നത് നീതി പരാജയപ്പെടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സിബിഐയ്‌ക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രസർക്കാരിനോടും നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാർ 18 ദിവസം വൈകിയാണ് സിബിഐയ്‌ക്ക് അന്വേഷണത്തിനുള്ള രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ആരോപിച്ച് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് നൽകിയ ഹർജിയിലാണ് ബച്ചു കുര്യൻ തോമസിന്റെ നിർദേശം.

സിദ്ധാർത്ഥിനെ സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്നാണ് സിദ്ധാർത്ഥിന്റെ പിതാവ് നൽകിയ ഹർജിയിൽ പറയുന്നത്. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും മർദ്ദനമേറ്റാണ് മരിച്ചതെന്ന് മൂന്നു സഹപാഠികൾ രഹസ്യമായി അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണവും വെള്ളവും നൽകാതെയായിരുന്നു മർദ്ദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്.