സോണിയയും രാഹുലും വ്യാജ ഗാന്ധിമാര്‍; കോണ്‍ഗ്രസ് നേതാക്കള്‍ ജാമ്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സോണിയയും രാഹുലും വ്യാജ ഗാന്ധിമാരാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തി ദിനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് സംസാരിക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ എല്ലാ നേതാക്കളും ഇപ്പോള്‍ ജാമ്യത്തിലാണ്. പണ്ട് കര്‍ണാടകം കോണ്‍ഗ്രസിന്റെ എടിഎം ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു. ജോഡോ യാത്രയെയും അദ്ദേഹം ശക്തമായി വിര്‍ശിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണ്ണാടകയില്‍ വിവാദത്തില്‍. രാഹുല്‍ ഗാന്ധിയുടെ ചിത്രം കര്‍ണ്ണാടകത്തിന്റെ പതാകയില്‍ അച്ചടിച്ചതാണ് വിവാദമായത്. സോഷ്യല്‍മീഡിയയിലടക്കം സംഭവം വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്ന് കന്നട അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി സ്ഥലങ്ങളില്‍ പ്രകടനം നടന്നു.

കര്‍ണ്ണാടകത്തിന്റെ പതാകയെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതാകയില്‍ പതിച്ചത് ശരിയായില്ലെന്ന് കര്‍ണ്ണാടക നവ നിര്‍മ്മാണ്‍ സമിതി അഭിപ്രായപ്പെട്ടു. മഞ്ഞയും ചുവപ്പും നിറമുള്ളതാണ് പതാക. ഈ രണ്ട് നിറങ്ങള്‍ കര്‍ണ്ണാടകയുടെ പ്രതീകങ്ങളാണ്. ഇതിന് മുകളിലാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗായി രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചത്.