‘ഐഎസ് കണക്ക് മുഖ്യമന്ത്രി പറയണം, ഈശോക്കും കക്കുകളിക്കും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവും’ കെ സുരേന്ദ്രൻ

കോഴിക്കോട് . ഈശോ എന്ന സിനിമയ്ക്കും കക്കുകളി എന്ന നാടകത്തിനും ഒരു നിയമവും കേരള സ്റ്റോറിക്ക് കേരളത്തിൽ മറ്റൊരു നിയമവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ എത്രപേർ ഐഎസിൽ ചേർന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തോട് പറയേണ്ട കാര്യമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഒരു സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐഎസിന്റെ സാന്നിധ്യം കേരളത്തിൽ ശക്തമാണ് – കെ.സുരേന്ദ്രൻ പറഞ്ഞു.

‘കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാൻ കേരളസമൂഹം കാത്തിരിക്കുകയാണ്. ഈശോ എന്ന സിനിമയ്ക്കും കക്കുകളി എന്ന നാടകത്തിനും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണ്? കേരളത്തിൽനിന്ന് 32,000 പേർ മതം മാറി ഐഎസിൽ ചേർന്നെന്ന കണക്ക് ശരിയല്ലെങ്കിൽ, എത്ര പേർ ചേർന്നു എന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറയുകയാണ് വേണ്ടത് – – കെ.സുരേന്ദ്രൻ പറഞ്ഞു.

‘ഇതൊരു സിനിമയല്ലേ? ചരിത്ര പാഠപുസ്തകമൊന്നുമല്ലല്ലോ. ആരും ഐഎസിൽ ചേർന്നില്ലെന്നാണോ പറയുന്നത്? ആ സിനിമയെ സിനിമയായി കണ്ടാൽ പോരേ? എന്താ ഇത്ര വേവലാതി? ക്രിസ്ത്യാനികളെ ആകെ ആക്രമിക്കുന്ന നാടകത്തിന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി കൊടുക്കുന്നവർ, ക്രിസ്ത്യാനികളും ഹിന്ദുക്കളും പരാമർശ വിഷയമായിട്ടുള്ള സിനിമകളും നാടകങ്ങളും ആവിഷ്കാര സ്വാതന്ത്ര്യമായി പ്രഖ്യാപിച്ച് അനുമതി നൽകുന്നവർ, ഭീകരവാദത്തെക്കുറിച്ച് ഒരു സിനിമ വരുമ്പോഴും അത് ആവിഷ്കാര സ്വാതന്ത്ര്യമായി കാണേണ്ടേ?‌‌ – കെ.സുരേന്ദ്രൻ ചോദിക്കുന്നു.

ദി കേരള സ്റ്റോറി സിനിമ കണ്ടുകഴിഞ്ഞല്ലേ വിലയിരുത്തേണ്ടത്? എന്താ ഇത്രയ്ക്കൊരു തിടുക്കം? അതിൽ പറയുന്ന ആളുകളുടെ എണ്ണത്തിലാണ് തർക്കമെങ്കിൽ, അത് ചർച്ച ചെയ്യാം. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്ന് എത്ര പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ. ഐഎസിലേക്ക് ഇവിടെനിന്ന് ആളെ ചേർത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് എന്റെ ചോദ്യം. തൃക്കരിപ്പൂരിൽ നിന്നെല്ലാം അവർ ആളെ ചേർത്തിരുന്നോ? എല്ലാ മാധ്യമങ്ങളും ഐഎസിലേക്ക് നടന്ന റിക്രൂട്മെന്റിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. എത്ര പേരാണ് ഐഎസിൽ ചേർന്നതെന്ന് കൃത്യമായി പറയാൻ സാധിക്കുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണ്. ആ ചോദ്യം എന്നോട് ചോദിച്ചിട്ട് കാര്യമില്ല – കെ.സുരേന്ദ്രൻ പറഞ്ഞിരിക്കുന്നു.

മുൻപൊരു ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ സിപിഎമ്മുകാർ വളരെ ആവേശത്തോടെ ഹാളുകളൊക്കെ സംഘടിപ്പിച്ച് പ്രദർശനമൊക്കെ നടത്തിയില്ലേ? എന്നിട്ട് ഇതിന്റെ കാര്യത്തിലെന്താ ഇങ്ങനെ? ഈ സിനിമ തടയണമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണ്? ആ ഇരട്ടത്താപ്പ് ശരിയാണോ എന്നതാണ് ചോദ്യം. ഇതൊരു സിനിമയാണ്. സംഘപരിവാറിന്റെ ഒരു അജൻഡയും ഈ സിനിമയിലില്ല. ഐഎസും ഭീകരവാദവും ഒന്നുമില്ലെങ്കിൽ, ഒരാൾ ഉത്തർപ്രദേശിൽനിന്നു കേരളത്തിൽവന്ന് അക്രമം നടത്തിയത് എന്തിനാണ്? – കെ.സുരേന്ദ്രൻ ചോദിച്ചു.

സിനിമയിൽ പറയുന്നത്ര ആളുകൾ ഇല്ലെങ്കിൽ വേണ്ട, സമ്മതിക്കുന്നു. സിനിമ കണ്ടിട്ട് പരീക്ഷ വല്ലതും എഴുതുന്നുണ്ടോ? സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച സ്ഥിതിക്ക് അത് പ്രദർശിപ്പിക്കും. അതിന് അനുമതി നൽകേണ്ടത് ഡിവൈഎഫ്ഐ ഓഫിസിൽനിന്നോ യൂത്ത് ലീഗ് ഓഫിസിൽ നിന്നോ അല്ല. സെൻസർ ബോർഡ് ഓഫ് ഇന്ത്യയാണ് അക്കാര്യം തീരുമാനിക്കുന്നത്. ഇത് ജനാധിപത്യ രാജ്യമല്ലേ? പട്ടാള ഭരണമൊന്നുമല്ലല്ലോ? – കെ.സുരേന്ദ്രൻ ചോദിച്ചു.

സിനിമയ്‌ക്കെതിരെ ആരൊക്കെ പരസ്യമായി രംഗത്തു വരുമെന്ന് കേരളത്തിലെ സമൂഹം കാത്തിരിക്കുകയാണ്. അക്കൂട്ടത്തിൽ ക്രൈസ്തവരും ഹിന്ദുക്കളുമുണ്ട്. ഇതുവരെ മിണ്ടാത്തവരും, മറ്റു സിനിമകളും നാടകങ്ങളും വന്നപ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നു പറഞ്ഞവരും ഇപ്പോൾ എന്തിനാണ് ബഹളം വയ്ക്കുന്നതെന്നാണ് ഞങ്ങൾ ചോദിക്കുന്നത്. മുൻപ് സിനിമ തിയറ്ററുകളൊക്കെ ആക്രമിച്ച സംഭവങ്ങളുണ്ട്. മലപ്പുറത്ത് തിയറ്ററുകൾ ആക്രമിച്ചിട്ടുണ്ട്. – കെ.സുരേന്ദ്രൻ പറഞ്ഞു.

നടൻ മമ്മൂട്ടിക്കെതിരെ പ്രതിഷേധം നടന്നിട്ടുണ്ട്. സിനിമ ഇസ്‍ലാമികമല്ലെന്നു പറഞ്ഞിരുന്നു. ഇതൊക്കെയാണ് ഭീകരവാദത്തിന്റെ വേരുകൾ. അതിൽ നിന്നെല്ലാം നാം മുന്നോട്ടു പോയി. ഇപ്പോഴും അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അതൊക്കെ കേരളത്തിലെ സമൂഹം കാണട്ടെ. എന്തായാലും ഇത് ഞങ്ങൾ സ്പോൺസർ ചെയ്ത സിനിമയല്ല. പക്ഷേ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നൊക്കെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കുക – സുരേന്ദ്രൻ പറഞ്ഞു.