പ്രതികൾക്കെല്ലാം കൊലപാതകത്തിൽ ബന്ധമുണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്, ഹൈക്കോടതി

കൊച്ചി∙ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കെല്ലാം കൊലപാതകത്തിൽ ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ടെന്ന് വിധിപ്രഖ്യാപനത്തിൽ ഹൈക്കോടതി. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു മുമ്പ് 2012 ഏപ്രിൽ 2നും ഏപ്രിൽ 20നും ഇടയിൽ കെ.സി.രാമചന്ദ്രൻ, മനോജൻ, ജ്യോതി ബാബു, കുഞ്ഞനന്തൻ എന്നിവർ തമ്മിൽ 32 ഫോൺവിളികൾ നടന്നിട്ടുണ്ട്. ഇവരെല്ലാം സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. 2012 ഏപ്രിൽ 10ന് ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി എന്നിവർ കെ.സി.രാമചന്ദ്രൻ, മനോജൻ, ജ്യോതി ബാബു എന്നിവരുമായി ചൊക്ളിയിലെ സമീറ ക്വാർട്ടേഴ്സിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു തെളിവുണ്ട്.

2012 ഏപ്രിൽ 20ന് കെ.സി.രാമചന്ദ്രനും മനോജനും കൂടി കുഞ്ഞനന്തനെ വീട്ടിൽ പോയി കണ്ടിരുന്നു. 20നും 24നും ഇടയിൽ കിർമാണി മനോജ്, മുഹമ്മദ് ഷാഫി, കെ.സി.രാമചന്ദ്രൻ, മനോജൻ, ജ്യോതി ബാബു, കുഞ്ഞനന്തൻ എന്നിവർ തമ്മിൽ 16 ടെലിഫോൺ വിളികൾ ഉണ്ടായി. തെളിവുകൾ വിരൽ ചൂണ്ടുന്നത് ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ഇവർക്കുള്ള പങ്കിലേക്കാണ്.

26നും മേയ് 1നും ഇടയിൽ കിർമാണി മനോജ്, മുഹമ്മദ് ഷാഫി, മനോജൻ, ജ്യോതി ബാബു, കുഞ്ഞനന്തൻ, മോഹനൻ മാസ്റ്റർ എന്നിവർ തമ്മിൽ 11 ഫോൺവിളികൾ ഉണ്ടായി. കൊലപാതകം നടന്ന 2012 മേയ് നാലിന് അനൂപ്, കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്, പ്രദീപൻ എന്നിവരെ ഇന്നോവയ്‌ക്കൊപ്പം ചൊക്ളി ടാക്സി സ്റ്റാൻഡിൽ കണ്ടിരുന്നു. അന്നു രാത്രി ഒമ്പതു മണിയോടെ ടി.കെ.രജീഷ്, ഷിജിത്, ദിൽഷാദ്, ഫസലു എന്നിവർ ഇന്നോവയിലേക്ക് വാൾ പോലുള്ളവ കയറ്റി വയ്ക്കുന്നത് കണ്ടു.

പ്രതികൾക്കുള്ള പങ്കും അതിൽ നടത്തിയ ഗൂഢാലോചനയ്ക്കും വ്യക്തമായ തെളിവുണ്ടെന്നു വിധിന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കി. 14–ാം പ്രതിയായിരുന്ന പി.മോഹനൻ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.എന്നാൽ 1 മുതൽ 7 വരെയുള്ള പ്രതികൾക്കു കൊലപാതകത്തിൽ നേരിട്ടും അല്ലാതെയുമുള്ള പങ്കിനുള്ള തെളിവുകൾ ഉണ്ടെന്ന് കാണാനാകും.