കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു , ഒഴിവായത് വൻ ദുരന്തം, സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ : കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ച് അപകടം. അപകടം നടന്നത് തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ എത്തിച്ച ശേഷം രണ്ടാം വട്ടം ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് വാഹനത്തിന് തീപിടിച്ചത്. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു.

അതേഅസമയം വാഹനത്തിന് തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്. ഡ്രൈവർക്കും പരിക്കുകളില്ല.

അതേസമയം, വയനാട്ടിൽ ബസ് സ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചകിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വയനാട്ടിലെ കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.

ഈ സമയം നന്ദു ബസ് സ്റ്റോപ്പിനുള്ളിൽ ഉണ്ടായിരുന്നു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു നന്ദു മരണത്തിന് കീഴടങ്ങിയത്. കൽപ്പറ്റ പുളിയാർ മല ഐടിഐക്ക് സമീപമാണ് അപകടം നടന്നത്. ഐടിഐ വിദ്യാർത്ഥിയാണ് കാട്ടിക്കുളം സ്വദേശി നന്ദു. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്.