മഴയത്ത് മരം കടപുഴകി ദേഹത്ത് വീണു ട്രഷറി ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം. മരം കടപുഴകി ട്രഷറി ജീവനക്കാരന്റെ ദേഹത്തുവീണ് ഗുരുതര പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. മറ്റ് ട്രഷറി ജീവനക്കാര്‍ക്ക് ഒപ്പം കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഇലകളും ചില്ലകളും വെട്ടിയ മരമാണ് വീണത്. ട്രഷറി ജീവനക്കാരനായ താഹിറിനാണ് പരിക്കേറ്റത്. മഴയായതിനാല്‍ കുട നിവര്‍ത്തി പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ താഹിറിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. താഹിറിന്റെ തലയോട്ടി, നട്ടെല്ല്, തുടയെല്ല് തുടങ്ങിയവയ്ക്ക് പരിക്കുണ്ട്. അപകടത്തിലായ മരം മുറിച്ച് മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ മുറിച്ച് മാറ്റുവാന്‍ തയ്യാറാകാതിരുന്നതാണ് അപകടത്തിന് കാരണം. ചില്ലകളും ഇലയും ഇല്ലാതെ വേരടക്കം ഉണങ്ങിയ അവസ്ഥയിലാണ് മരം നിന്നത്. ശക്തമായ മഴ പെയ്തതോടെ മരം മറിഞ്ഞ് വീഴുകയായിരുന്നു.