സാമ്പിൾ വെടിക്കെട്ടിന് പിന്നാലെ സ്ഫോടനം, തൃപ്പൂണിത്തുറക്കാർക്ക് ഇന്ന് കണ്ണീരിന്റെ ദിനം

കൊച്ചി : പുതിയ കാവ് ഭ​ഗവതി ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം രാത്രി തെക്കുംഭാ​ഗത്തിന്റെ വക വലിയ വെടിക്കെട്ടാണ് പുതിയ കാവ് ക്ഷേത്ര മൈതാനത്ത് നടത്തിയത്. തിങ്കളാഴ്ച രാത്രി വടക്കുംഭാ​ഗത്തിന്റെ വെടിക്കെട്ട് നടത്താനിരിക്കെയാണ് വൻ സ്ഫോടനം ഉണ്ടായത്. രാവിലെ സാമ്പിൾ വെടിക്കെട്ട് നടത്തിയിരുന്നു. ‌ഇതിന് പിന്നാലെ രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്

ദുരന്തത്തിൽ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. പതിനാറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പടക്കശേഖരണശാല പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്കനിര്‍മാണശാലകളോ പടക്കശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയര്‍ ആന്റ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു. പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും വിവരമുണ്ട്.