43 ശതമാന൦ യുവജനങ്ങൾക്കും തൊഴിലില്ല; തകർന്നടിഞ്ഞു കേരളം; രാജ്യത്ത് രണ്ടാം സ്ഥാനം

തൊഴിൽ ചെയ്യാൻ സന്നദ്ധമായിട്ടും ആഴ്ചയിൽ ഒരുദിവസം ഒരുമണിക്കൂർപോലും തൊഴിൽ ലഭിക്കാതെ കേരളത്തിലെ അഭ്യസ്തവിദ്യരായ 43 ശതമാന൦ യുവജനങ്ങൾ. കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നു. 2020 ഒക്ടോബർ-ഡിസംബർ കാലത്തെ ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ (എൻ.എസ്.എസ്.ഒ.) പിരിയോഡിക് ലേബർഫോഴ്സ് സർവേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുന്ന സർവേയാണിത്. നിലവിൽ യുവജനങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ ജമ്മുകാശ്മീരിനു പുറകിൽ രണ്ടാം സ്ഥാനത്താണ് കേരളം.

15-29നും ഇടയ്ക്ക് പ്രായമുള്ളവരിൽ കോവിഡിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ൽ ഇതേകാലത്ത് 43 ശതമാനത്തിലെത്തി. കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്ത് കേരളമായിരുന്നു മുന്നിൽ, 36.3 ശതമാനം. ഇപ്പോഴത്തെ നിരക്കിൽ 43.9 ശതമാനവുമായി ജമ്മുകശ്മീർ മുന്നിലുണ്ട്. കേരളത്തിൽ 15-29 വിഭാഗത്തിൽ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്, 55.7 ശതമാനം. യുവാക്കളിൽ 37.1 ശതമാനം. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകശ്മീരാണ് ഏറ്റവും മുന്നിൽ.

നാലുശതമാനം മാത്രം തൊഴിലില്ലായ്മയോടെ ഗുജറാത്താണ് ഏറ്റവും പിന്നിൽ. തമിഴ്നാട്ടിൽ 8.9-ഉം കർണാടകത്തിൽ 7.1-ഉം ശതമാനവുമാണ്. കോവിഡ് വ്യാപനത്തിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ജനുവരി-മാർച്ച് പാദത്തിൽ 16.4 ശതമാനമായും ഏപ്രിൽ-ജൂണിൽ 27.3 ശതമാനമായും കുതിച്ചുയർന്നു.