അര്‍ധനഗ്നരായി നിലവിളിക്കുന്ന ഇന്ത്യക്കാർ, വംശീയ അധിക്ഷേപവുമായി US കാര്‍ട്ടൂണ്‍, വിമര്‍ശനം

ന്യൂഡൽഹി : ബാൾട്ടിമോറിലെ പാലം തകർന്ന സംഭവത്തിൽ ഇന്ത്യൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സ്. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം. കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അര്‍ധനഗ്നരായി, ലങ്കോട്ടി മാത്രം ധരിച്ച കുറച്ച് ജീവനക്കാര്‍ കപ്പലിന്റെ കണ്‍ട്രോള്‍ റൂമില്‍ ഭയന്നുവിറച്ചുനില്‍ക്കുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. കാർട്ടൂണിനെതിരെ വ്യാപക വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. അപകട സമയത്ത് അവസരോചിതമായി ഇടപെട്ട ഇന്ത്യൻ ക്രൂവിനെ വംശീയമായി അപമാനിക്കുന്നുവെന്നാണ് വിമർശനം.

കപ്പലിനുള്ളിലേക്ക് ചെളി വെള്ളം ഇരച്ചു കയറുമ്പോൾ തലയിൽ കൈവച്ച് നിലവിളിക്കുന്ന ഇന്ത്യക്കാരാണ് കാർട്ടൂണിലുള്ളത്. ചിലരുടെ തലയിൽ തലപ്പാവും കാണാം. ഇതിനോടൊപ്പം പരസ്പരം പഴിചാരി അസഭ്യം പറയുന്ന റെക്കോർഡിങ്ങും കാർട്ടൂണിൽ ചേർത്തിട്ടുണ്ട്.