പഞ്ചരത്നങ്ങളിൽ ഒരാളുടെ വിവാഹം മാറ്റിവെച്ചു,മൂന്നു പേർക്ക് ​ഗുരുവായൂരിൽ മാം​ഗല്യം

ഒരമ്മയുടെ വയറ്റിൽ ഒന്നിച്ച് പിറന്ന അഞ്ച് പേർ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു.അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം അറിയാൻ ആളുകൾക്ക് ഇഷ്ടമാണ്.അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.​ഗൾഫിലുള്ള വരന്മാർക്ക് എത്താൻ സാധിക്കാത്തതിനാൽ ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചിരുന്നു.ഒക്ടോബർ 24ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്ര,ഉത്തര, ഉത്തമ എന്നീ മൂന്നുപേരുടെ വിവാഹം നടക്കും.ഉത്രജയുടെ വരന് വിദേശത്തുനിന്നും എത്താൻ സാധിക്കാത്തതിനാൽ ആ വിവാഹം മാറ്റിവെച്ചു.

ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെഎസ് അജിത്കുമാറാണ് വരൻ. ഓൺലൈനിൽ മാധ്യമ പ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലി ചാർത്തും.കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിത സഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്ആകാശിന് എത്താൻ സാധിക്കാത്തതിനാൽ ഉത്രജയുടെ വിവാഹം മാറ്റിവെച്ചു.22നാണ് ഇവർ വിവാഹത്തിനായി ഗുരുവായൂരിലേക്ക് തിരിക്കുന്നത് വിവാഹത്തിന്റെ തലേദിവസം അടുത്ത ബന്ധുക്കളും ഗുരുവായൂരിലേക്ക് എത്തും

1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ -രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ , പിന്നീട് പഞ്ചരത്‌നങ്ങൾ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവർക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് അപ്രതീക്ഷിതമായി മരിച്ചു.

തുടർന്ന് ആ വേർപാടിന് ശേഷം പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു.
ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു. സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു. കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒന്നിച്ചു സ്‌കൂളിൽ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും വാർത്തകളിൽ നിറഞ്ഞു.