വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു, യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കെട്ടിവയ്‌ക്കാനുള്ള തുക നൽകി

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ യുക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ് കേന്ദ്രമന്ത്രി വി. മുരളീധരന് കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്.

തന്റെ പൊതുപ്രവർത്തനജീവതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഈ പണത്തെ നോക്കികാണുന്നുവെന്ന് വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ നിന്നും ലഭിച്ച ഒരു സ്‌നോപഹാരമായി ഈ തുകയെ കാണുന്നുവെന്നും ജനങ്ങളെ സേവിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. നിലവിലെ എം.പി അടൂർ പ്രകാശ് ഇവിടെ യു.ഡി.എഫിന് വേണ്ടി ജനവിധി തേടുമ്പോൾ എംഎൽഎ ആയ വി ജോയ് എൽ.ഡി.എഫിനു വേണ്ടിയും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എൻ.ഡി.എയ്ക്കു വേണ്ടിയും മത്സരത്തിനിറങ്ങുന്നു. അതിനാൽ തന്നെ ആറ്റിങ്ങൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്.

വളരെക്കാലമായി എൽ.ഡി.എഫിൻ്റെ കയ്യിൽ ഇരുന്ന മണ്ഡലം കഴിഞ്ഞ തവണ അടൂർ പ്രകാശിനെ ഇറക്കി യു.ഡി.എഫ് തിരിച്ചു പിടിക്കുകയായിരുന്നു. അതുവരെ കോന്നിയെ പ്രതിനിധാനം ചെയ്ത് നിയമസഭാംഗമെന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു അടൂർ പ്രകാശ്. അദ്ദേഹം ഇടയ്ക്ക് സംസ്ഥാന മന്ത്രിയുമായിരുന്നു.