കോവിഡ് മരണനിരക്ക് പുനപരിശോധിക്കണം, ആനുകൂല്യങ്ങളില്‍ നിന്ന് ആരും പുറത്ത് പോകരുതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഐസിഎംആറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചിട്ടില്ല. ആനുകൂല്യങ്ങളില്‍ നിന്ന് ആരും പുറത്ത് പോകാന്‍ പാടില്ല. ഐസിയുവില്‍ കിടന്ന് മരിച്ചവര്‍ പോലും കൊവിഡ് പട്ടികയിലില്ല. നിരവധി കൊവിഡ് മരണങ്ങളെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ നാണക്കേട് വിചാരിക്കേണ്ടതില്ല. കൃത്യമായ മരണനിരക്ക് പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. ഇത് സര്‍ക്കാരിന് നേരെയുള്ള വിമര്‍ശനമല്ല. മറിച്ച്‌ ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ്. കൊവിഡ് മൂലം മരിച്ചവരുടെ ആനുകൂല്യം നഷ്ടപ്പെടുത്താന്‍ പ്രതിപക്ഷം അനുവദിക്കില്ല. കൃത്യമായി ഇത് നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണമന്നും സര്‍ക്കാര്‍ ദുരഭിമാനം ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐസിഎംആര്‍, ലോകാരോഗ്യ സംഘടന എന്നിവരുടെ മാനദണ്ഡമനുസരിച്ചാണ് മരണം റിപോര്‍ട്ട് ചെയ്യുതെന്ന് ആരോഗ്യ മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എസ്‌എസ്‌എല്‍സി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ഉപേക്ഷിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.