വീണ – പി എൽ സി ബന്ധം: കുഴൽനാടൻ മുഖ്യനെ വെല്ലുവിളിച്ച് കുടിക്കിലാക്കി.

 

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്കിന് പിഡബ്ല്യുസിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത് വന്നതോടെ മുഖ്യമന്ത്രി തീർത്തും വെട്ടിലായി. ഒരു അഭിഭാഷകൻ കൂടിയായ എം എൽ എ കേസിൽ കുടുക്കാൻ ബോധപൂർവം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന സംശയമാണ് ഇടത് കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നത്.ആരോപണം ശരിയല്ലെങ്കിൽ കേസ് കൊടുക്കാൻ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ താൻ ഉറച്ചു നില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പത്രസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിയുടെ മെന്റര്‍ ആണ് എന്നാണ് നേരത്തെ രേഖപ്പെടുത്തിയിരുന്നത്. 2020 മേയ് 20 വരെ ഉണ്ടായിരുന്ന ഈ വിവരം വെബ്‌സൈറ്റില്‍ നിന്നും പിന്നീട് അപ്രത്യക്ഷമായിരിക്കുന്നു എന്നാണു മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ തെളിവുൾപ്പടെ വെളിപ്പെടുത്തിയിരിക്കുന്നത്.

നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ ജെയ്ക് ബാലകുമാറിന് വീണയുടെ കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ആരോപണം ശുദ്ധ അസംബന്ധമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ മകള്‍ വീണ പിഡബ്ലിയുസി ഡയറക്ടര്‍ മെന്ററാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങിപ്പോകുമെന്നാണോ ധരിച്ചത്?. വെറുതെ വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കരുത്. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) സ്പെയ്സ് പാർക്കിൽ നിയമിച്ചതു വിവാദമായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായത് സംബന്ധിച്ച തെളിവുകളാണ് മാത്യു കുഴൽനാടൻ എംഎൽഎ പത്രസമ്മേളനത്തിൽ നിരത്തിയത് . വെബ് ആർക്കൈവ്സിൽനിന്നുള്ള വിവരങ്ങൾ മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു. എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് ഇവയൊക്കെ.

എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ പല സമയത്തായി നീക്കം ചെയ്യുകയായിരുന്നു. 107 തവണയാണ് വെബ്‌സൈറ്റില്‍ മാറ്റം വരുത്തിയത്. വെബ്‌സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ജെയ്ക് മെന്ററാണെന്ന് വീണ പറഞ്ഞിട്ടില്ല എന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കുഴല്‍നാടന്‍ തുടർന്ന് ചോദിച്ചു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാറ്റിയതെന്തിനെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോ? മാത്യു കുഴൽനാടൻ ചോദിച്ചു.

എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ ഐടി കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണ് താന്‍ പറഞ്ഞത്. വീണ വിജയന്‍ എംഡിയായ കമ്പനിയില്‍ ജെയ്ക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കുകയാണ് വേണ്ടത്.

2020 മേയ് 20 വരെ സൈറ്റിൽ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റർ ആണെന്ന വിവരവും ഉണ്ടായിരുന്നു. പിന്നീട് സൈറ്റ് നോക്കാൻ കിട്ടാതായി. ജൂൺ 20 ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോൾ ജെയ്ക്കിന്റെ പേര് ഇല്ല. സ്പെയ്സ് പാർക്കിൽ സ്വപ്നയെ നിയമിക്കാൻ മുൻകൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, താൻ പുറത്തുവിട്ട ചിത്രങ്ങൾ നിഷേധിക്കാൻ തയാറുണ്ടോ? മാത്യു കുഴൽനാടൻ ചോദിച്ചു. താൻ പറഞ്ഞ വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കാം. മാത്യു കുഴൽനാടൻ പറഞ്ഞു.