ഞാന്‍ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാല്‍ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാന്‍ പറ്റില്ല, വിജയ രാഘവന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സിനിമയില്‍ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് വിജയ രാഘവന്‍ പറയുന്നു. അഭിനയം എന്ന കലയെയാണ് താന്‍ സ്‌നേഹിക്കുന്നത്, അവനവന്‍ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാല്‍ ഒരിക്കലും താഴേക്ക് ഇറങ്ങി വരാന്‍ കഴിയില്ലെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ വിജയ രാഘവന്‍ പറഞ്ഞു.

‘ഞാന്‍ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാല്‍ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാന്‍ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാല്‍ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം. എനിക്ക് ആറുമാസമുള്ളപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്റെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. ‘കുട്ടാ, നീയിത്രയേയുള്ളൂ. പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?’ വിജയരാഘവന്‍ പറഞ്ഞു.