രണ്ടാം പിണറായി സര്‍ക്കാരിന് ആദ്യത്തെ വേഗതയില്ലെന്ന് വി കെ പ്രശാന്ത് എം എല്‍ എ

രണ്ടാം പിണറായി സര്‍ക്കാരിന് ആദ്യത്തെ വേഗതയില്ലെന്ന് വി കെ പ്രശാന്ത് എം എല്‍ എ. ഒന്നാം പിണറായി സര്‍ക്കാരിന്റെ വേഗം ഇപ്പോഴില്ല. മന്ത്രിമാരുടെ ഓഫീസുകള്‍ നിര്‍ജീവമെന്നും എം എല്‍ എ വിമര്‍ശിച്ചു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ വി കെ പ്രശാന്തിന്റെ വിമര്‍ശനം.
തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു.

വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം സിഐപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയി എ.വി.റസ്സല്‍ തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 10 ആയി ഉയര്‍ത്തി. ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതില്‍ പത്ത് പേര്‍ പുതുമുഖങ്ങളും നാല് പേര്‍ വനിതകളുമാണ്.

കെ.അനില്‍കുമാര്‍, റെജി സക്കറിയ, കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ ജില്ലാ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. വി എന്‍ വാസവനും മുതിര്‍ന്ന നേതാവ് എം പി ജോസഫും സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശിയും മഹിളാ അസോസിയേഷന്‍ നേതാവ് കെ വി ബിന്ദുവും ജില്ലാ കമ്മിറ്റിയില്‍ എത്തി. 19 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.